ഏറ്റുമാനൂർ: നിശ്ചലാവസ്ഥയിലായ പുന്നത്തുറ-കമ്പനിക്കടവ് പാലത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് നാട്ടുകാർ. പ്രധാനമായും സമീപന പാതയുടെ നിർമാണമാണ് പൂർത്തിയാകാനുള്ളത്. പാലത്തിന്റെ പ്രതലത്തിന്റെ അവസാന വാർക്കലും ക്രാഷ് ഗാർഡ് സ്ഥാപിക്കലും ബാക്കിയുണ്ട്.
ഏറ്റുമാനൂർ, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ കിഴക്കുവശം അയർക്കുന്നം പഞ്ചായത്തും പടിഞ്ഞാറുവശം ഏറ്റുമാനൂർ നഗരസഭയുമാണ്. മൂന്നരപ്പതിറ്റാണ്ട് മുമ്പു നിർമിച്ച പാലത്തിന് വലിയ വാഹനങ്ങൾക്ക് പോകാനുള്ള വീതി ഉണ്ടായിരുന്നില്ല. ഇരു ദിശകളിലേക്കും ഒരേ സമയം വാഹനങ്ങൾ പോകാനുമായിരുന്നില്ല.
കൈവരികൾ തകർന്ന് പാലം ബലക്ഷയത്തിലായിട്ട് ഒരു പതിറ്റാണ്ടോളമായിരുന്നു. മതിയായ വീതിയിൽ പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 10 കോടി രൂപ അനുവദിച്ചെങ്കിലും ടെൻഡർ നടപടികൾ പൂർത്തീകരിക്കാനായില്ല.
പിന്നീട് എസ്റ്റിമേറ്റ് തുക വർധിപ്പിക്കുകയും സമീപന പാതയ്ക്ക് സ്ഥലമേറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടും പാലം നിർമാണം യാഥാർഥ്യമാകാതെ വന്നതോടെ ജനങ്ങൾ സമരത്തിലായിരുന്നു. പിന്നീട് മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിൽ എസ്റ്റിമേറ്റ് തുക 10.90 കോടി രൂപയായി വർധിപ്പിച്ചതോടെയാണ് പാലം പുനർനിർമാണത്തിന് വഴിതുറന്നത്. 2022 നവംബറിൽ പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചെങ്കിലും സമയബന്ധിതമായി പൂർത്തീകരിക്കാനായില്ല.
മീനച്ചിലാറിന്റെ ഇരുവശങ്ങളിലുമുള്ളവർ വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ പോകാൻ ആശ്രയിക്കുന്ന റോഡാണിത്. പാലം നിർമാണം തുടങ്ങിയതോടെ ഇവരുടെ സഞ്ചാര മാർഗമടഞ്ഞു. നിർമാണം സ്തംഭിച്ചത് നൂറുകണക്കിന് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
നിർമാണം പൂർത്തിയായില്ലെങ്കിലും ചെറിയ വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. പകുതി ഭാഗം മാത്രം മണ്ണടിച്ച് ഉയർത്തിയിട്ടുള്ള സമീപന പാതയിലൂടെ രാത്രികാലങ്ങളിലുള്ള യാത്ര സുരക്ഷിതമല്ല.
ഏറ്റുമാനൂർ, പുതുപ്പള്ളി എംഎൽഎമാർ ഇടപെട്ട് പാലം നിർമാണം എത്രയും വേഗം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
എഴുപത്തഞ്ചു ശതമാനം നിർമാണം പൂർത്തിയായി. ആറ്റുതീരത്ത് കൽക്കെട്ട് പൂർത്തിയാക്കിയില്ലെങ്കിൽ അപകട സാധ്യതയുണ്ട്. അപ്രോച്ച് റോഡ് നിർമിക്കണം. കമ്പനിക്കടവ് ഭാഗത്ത് പാലത്തിന്റെ പകുതിഭാഗം മാത്രമേ അപ്രോച്ച് റോഡിനാ യി മണ്ണടിച്ച് ഉയർത്തിയിട്ടുള്ളൂ.
- ജെസി ജോയി
(പൊതുപ്രവർത്തക)
നിർമാണം പൂർത്തിയാകാത്ത അപ്രോച്ച് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് അപകട ഭീഷണിയുയർത്തുന്നു.
കമ്പനിക്കടവ് ഭാഗത്തുനിന്ന് പുന്നത്തുറ വെള്ളാപ്പള്ളി പള്ളി, പഴയ പള്ളി, ഇവയോടു ചേർന്നുള്ള സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും പുന്നത്തുറ ഭാഗത്തുനിന്ന് മെഡിക്കൽ കോളജ്, യൂണിവേഴ്സിറ്റി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും പോകേണ്ടവർക്ക് അപകടഭീതി കൂടാതെ യാത്ര ചെയ്യാൻ എത്രയും വേഗം അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാക്കണം.
- ബിനു ജോൺ
(അധ്യാപകൻ)
അടിയന്തര ഘട്ടങ്ങളിൽ രോഗികളും മറ്റുമായി പോകാൻ ബുദ്ധിമുട്ടുന്നു. മുമ്പ് ഉണ്ടായിരുന്ന ബസ് സർവീസും മുടങ്ങിയിരിക്കുകയാണ്.
നൂറുകണക്കിന് ആളുകൾ ആശയിക്കുന്ന റോഡും പാലവുമാണ്. രാത്രിയിൽ വെളിച്ചമില്ല.
- സിബി സ്കറിയ
(കമ്പനി കടവിലെ വ്യാപാരി)